Wednesday 1 June 2011

ശ്രീ ശങ്കരാചാര്യര്‍ രചിച്ച ശ്രീ ലളിതാദേവി പ്രഭാതസ്‌തുതി




പ്രാതസ്‌മരാമി ലളിതാ വദനാരവിന്ദം
ബിംബാധരം പ്രിത്ഥലമൌക്തികശോഭിനാസം
ആകര്‍ണ്ണ ദീര്‍ഘനയനം മണികുണ്ഡലാഢ്യം
മന്ദസ്‌മിതം മൃഗമദോജ്ജ്വല ഫാലദേശം.

പ്രാതര്‍ഭജാമി ലളിതാ ഭുജകല്പവല്ലീം
രത്നാംഗുലീയ ലസദംഗുലിപല്ലവാഢ്യാം
മാണിക്യ ഹേമ വളയാംഗദ ശോഭമാനാം
പുണ്ഡ്രേഷു ചാപ കുസുമേഷു ശ്രിണിം തദാനാം.

പ്രാതര്‍നമാമി ലളിതാ ചരണാരവിന്ദം
ഭക്ത്യേഷ്ട ദാനനിരതം ഭവ സിന്ധുപോതം
പത്മാസനാദി സുരനായകപൂജനീയം
പത്മാങ്കുശധ്വജസുദര്‍ശന ലാഞ്ചനാഢ്യം.

പ്രാതസ്‌തുതേ പരശിവാം ലളിതാം ഭവാനീം
ത്രൈയന്ത്യവേദ്യവിഭവാം കരുണാനവദ്യാം
വിശ്വസ്യസൃഷ്ടി വിലയസ്‌ഥിതി ഹേതുഭൂതാം
വിശ്വേശ്വരീം നിഗമവാന്‍ മനസാതിദൂരാം.

പ്രാതര്‍വദാമി ലളിതേ തവ പുണ്യനാമ:
കാമേശ്വരീതി കമലേതി മഹേശ്വരീതി
ശ്രീ ശാംഭവീതി ജഗതാം ജനനീ പരേതി
വാഗ്‌ദേവതേതി വചസാ ത്രിപുരേശ്വരീതി.

ഫലശ്രുതി
യാ ശ്ലോകപഞ്ചകമിദം ലളിതാംബികായ:
സൌഭാഗ്യദം സുലളിതം പഠതി പ്രഭാതേ
തസ്‌മൈ ദദാതി ലളിതാ ഝടുതി പ്രസന്നാ
വിദ്യാം ശ്രിയം വിമലസൌഖ്യമനന്തകീര്‍ത്തീം.

ഹരിനാമകീര്‍ത്തനം - - തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍


ഹരിനാമകീര്‍ത്തനം - - തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍


ഓംകാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനെ-
യാങ്കാരമായതിനു താന്‍ തന്നെ സാക്ഷി, യതു
ബോധം വരുത്തുവതിനാളായി നിന്ന പര-
മാചാര്യരൂപ ഹരി നാരായണായ നമ:

ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാന്‍ നിന്‍ കൃപാവലിക-
ളുണ്ടാകയെങ്കലിഹ നാരായണായ നമ:

ആനന്ദചിന്മയ ഹരേ ഗോപികാരമണ
ഞാനെന്നഭാവമതു തോന്നായ്‌കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ വരദ നാരായണായ നമ:

അര്‍ക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരൊ
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുള്‍ താനെന്നുറയ്ക്കുമള-
വാനന്ദമെന്തു, ഹരി നാരായണായ നമ:

ഹരിനാമകീര്‍ത്തനമിതുര ചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുള്‍ചെയ്ക ഭൂസുരരും
നരനായ്‌ ജനിച്ചു ഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുള്‍ക നാരായണായ നമ:

ശ്രീമൂലമായ പ്രകൃതീങ്കല്‍ തുടങ്ങി ജന-
നാന്ത്യത്തോളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പരമനാരായണായ നമ:

ഗര്‍ഭസ്ഥനായ്‌ ഭുവി ജനിച്ചും, മരിച്ചു മുദ-
കപ്പോളപോലെ, ജനനാന്ത്യേന നിത്യഗതി
ത്വദ്‌ഭക്തി വര്‍ദ്ധനമുദിക്കേണമെന്‍ മനസി
നിത്യം തൊഴായ്‌വരിക നാരായണായ നമ:

ണത്താരില്‍ മാനിനി മണാളന്‍ പുരാണപുരു-
ഷന്‍ ഭക്തവത്സല,നനന്താദിഹീനനിതി
ചിത്തത്തിലച്യുത കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമ:

പച്ചക്കിളിപ്പവിഴപ്പാല്‍വര്‍ണ്ണമൊത്ത നിറ-
മിച്ഛിപ്പവര്‍ക്കു ഷഡാധാരം കടന്നുപരി-
വിശ്വസ്ഥിതി പ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദരൂപ ഹരി നാരായണായ നമ:

തത്വത്തിനുള്ളിലുദയം ചെയ്തിടുന്ന പൊരു-
ളെത്തീടുവാന്‍ ഗുരു പദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശം തരും ജനന-
മറ്റീടുമന്നവനു നാരായണായ നമ:

യെന്‍പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ
സമ്പൂര്‍ണ്ണലിഖ്യതഗിരം കേട്ടു ധര്‍മ്മപതി
എന്‍പക്കലുള്ള ദുരിതം പാര്‍ത്തു കാണുമള-
വംഭോരുഹാക്ഷ ഹരി നാരായണായ നമ:

നക്ഷത്രപംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങുയര്‍ന്നളവു
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമ:

മത്‌പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്‌പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്‌നാദിയില്‍ ചിലതു കണ്ടിങ്ങുണര്‍ന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമ:

അന്‍പേണമെന്മനസി ശ്രീനീലകണ്ഠഗുരു-
വംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ,
അന്‍പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലമ്പോടു ചേര്‍ക്ക ഹരി നാരായണായ നമ:

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയു, മി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീര്‍ത്തിപ്പതിന്നരുള്‍ക നാരായണായ നമ:

ഇക്കണ്ട വിശ്വമതുമിന്ദ്രാദിദേവകളു-
മര്‍ക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂര്‍ത്തികളും
അഗ്രേ വിരാട്‌പുരുഷ നിന്മൂലമക്ഷരവു-
മോര്‍ക്കായ്‌ വരേണമിഹ നാരായണായ നമ:

ഈ വന്ന മോഹമകലെപ്പോവതിന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകില്‍
ജീവന്നു കൃഷ്ണ ഹരി ഗോവിന്ദ രാമ തിരു-
നാമങ്ങളൊന്നൊഴികെ, നാരായണായ നമ:

ഉള്ളില്‍ക്കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരു കാലമുടനെന്നാകിലും മനസി
ചൊല്ലുന്നതാരു തിരു നാമങ്ങളന്നവനു
നല്ലൂ ഗതിക്കു വഴി നാരായണായ നമ:

ഊരിന്നുവേണ്ട ചില ഭാരങ്ങള്‍ വേണ്ടതിനു
നീരിന്നു വേണ്ട നിജദ്വാരങ്ങള്‍ വേണ്ടതിനു
നാരായണാച്യുത ഹരേ എന്നതിന്നൊരുവര്‍
നാവൊന്നേ വേണ്ടൂ ഹരി നാരായണായ നമ:

ഋതുവായ പെണ്ണിന്നുമിരപ്പന്നും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല, ഹരി നാരായണായ നമ:

ഋഔഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ ക-
ളിപ്പാപിയെന്നു പറയുന്നാകിലും മനസി
ആവോ നമുക്കു തിരിയാ എന്നുറച്ചു തിരു-
നാമങ്ങള്‍ ചൊല്‍ക ഹരി നാരായണായ നമ:

ലുത്സ്‌മാദി ചേര്‍ത്തൊരു പൊരുത്തം നിനക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരു കോടി കോടി തവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമ:

ലൂകാരമാദി മുതലായിട്ടു ഞാനുമിഹ
കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരി നാരായണായ നമ:

എണ്ണുന്നു നാമജപരാഗാദിപോയിടുവാ-
നെണ്ണുന്നിതാറുപടി കേറിക്കടപ്പതിനു
കണ്ണും മിഴിച്ചവനിരിക്കുന്നൊരേ നിലയി-
ലെണ്ണാവതല്ല ഹരി നാരായണായ നമ:

ഏകാന്തയോഗികളിലാകാംക്ഷകൊണ്ടു പര-
മേകാന്തമെന്ന വഴി പോകുന്നിതെന്‍ മനവും
കാകന്‍ പറന്നു പുനരന്നങ്ങള്‍ പോയ വഴി
പോകുന്നപോലെ ഹരി നാരായണായ നമ:

ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെണ്‍മൂന്നുമേഴുമഥ
ചൊവ്വോടരഞ്ചുമപി രണ്ടൊന്നു തത്ത്വമതില്‍
മേവുന്ന നാഥ ഹരി നാരായണായ നമ:

ഒന്നിന്നു തത്ത്വമിതു ദേഹത്തിനൊത്തവിധ-
മെത്തുന്നിതാര്‍ക്കുമൊരുഭേദം വരാതെ ഭുവി
മര്‍ത്ത്യന്റെ ജന്‍മനില പാപം വെടിഞ്ഞിടുകി-
ലെത്തുന്നു മോക്ഷമതില്‍ നാരായണായ നമ:

ഓതുന്നു ഗീതകളിതെല്ലാമതെന്ന പൊരുള്‍
ഏതെന്നു കാണ്‍മതിനു പോരാ മനോബലവും
ഏതെങ്കിലും കിമപി കാരുണ്യമിന്നു തവ
സാധിക്കവേണ്ടു ഹരി നാരായണായ നമ:

ഔദംബരത്തില്‍ മശകത്തിന്നു തോന്നുമതിന്‍
മീതേ കദാപി സുഖമില്ലെന്നു തത്‌പരിചു
ചേതോവിമോഹിനി മയക്കായ്‌ക മായ തവ
ദേഹോ'ഹമെന്ന വഴി നാരായണായ നമ:

അംഭോജസംഭവനുമമ്പോടു നീന്തി ബത
വന്‍മോഹവാരിധിയിലെന്നേടമോര്‍ത്തു മമ
വന്‍പേടി പാരമിവനമ്പോടടായ്‌വതിനു
മുമ്പേ തൊഴാമടികള്‍ നാരായണായ നമ:

അപ്പാശവും വടിയുമായ്‌ക്കൊണ്ടജാമിളനെ
മുല്‍പ്പാടു ചെന്നു കയറിട്ടോരു കിങ്കരരെ
പില്‍പ്പാടു ചെന്നഥ തടുത്തോരു നാല്‍വരേയു-
മപ്പോലെ നൌമി ഹരി നാരായണായ നമ:

കഷ്ടം ഭവാനെയൊരു പാണ്ഡ്യന്‍ ഭജിച്ചളവ-
ഗസ്‌ത്യേന നീ ബത ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാല്‍ക്കഥ കടിപ്പിച്ചതെന്തിനിതു-
മോര്‍ക്കാവതല്ല ഹരി നാരായണായ നമ:

ഖട്വാംഗനെന്ന ധരണീശന്നു കാണ്‍കൊരുമു-
ഹൂര്‍ത്തേന നീ ഗതി കൊടുപ്പാനുമെന്തു വിധി?
ഒട്ടല്ല നിന്‍കളികളിപ്പോലെ തങ്ങളില്‍ വി-
രുദ്ധങ്ങളായവകള്‍ നാരായണായ നമ:

ഗര്‍വ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി-
ചൊവ്വോടു നില്‍പ്പതിനു പോരാ നിനക്കു ബലം
അവ്വാരിധൌ ദഹനബാണം തൊടുത്തതു തി-
ളപ്പിപ്പതിന്നു മതി നാരായണായ നമ:

ഘര്‍മ്മാതപം കുളിര്‍നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു-
തന്നെത്തിരഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമ:

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ-
യൂനം വരുത്തിയൊരു നക്തഞ്ചരിക്കു ബത
കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു, ഹരി നാരായണായ നമ:

ചമ്മട്ടി പൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്‌മജന്നു യുധി തേര്‍പൂട്ടി നിന്നു ബത
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടു കൊന്നതുമൊ-
രിന്ദ്രാത്‌മജന്നെ , ഹരി നാരായണായ നമ:

ഛന്നത്വമാര്‍ന്ന കനല്‍പോലെ നിറഞ്ഞുലകില്‍
മിന്നുന്ന നിന്‍മഹിമയാര്‍ക്കും തിരിക്കരുത്‌
അന്നന്നുകണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രേ തോന്നി ഹരി നാരായണായ നമ:

ജന്തുക്കളുള്ളില്‍ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂര്‍ണ്ണാത്‌മനാ സതതം
തന്തും മണിപ്രകരഭേദങ്ങള്‍പോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമ:

ഝംകാരനാദമിവ യോഗീന്ദ്രരുള്ളിലുമൊ-
രോതുന്ന ഗീതകളിലും പാല്‍പയോധിയിലും
ആകാശവീഥിയിലുമൊന്നായ്‌ നിറഞ്ഞരുളു-
മാനന്ദരൂപ, ഹരി നാരായണായ നമ:

ഞാനെന്നുമീശ്വരനിതെന്നും വളര്‍ന്നളവു
ജ്ഞാനദ്വയങ്ങള്‍ പലതുണ്ടാവതിന്നു ബത-
മോഹം നിമിത്തമതു പോകും പ്രകാരമിതു
ചേതസ്സിലാക മമ നാരായണായ നമ:

ടങ്കം കുരംഗവുമെടുത്തിട്ടു പാതിയുടല്‍
ശംഖും രഥാംഗവുമെടുത്തിട്ടു പാതിയുടല്‍
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നു മോഹവഴി നാരായണായ നമ:

ഠായങ്ങള്‍ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരു മിന്നല്‍കണക്കെയുമി-
തേകാക്ഷരത്തിലൊരുമിക്കുന്നപോലെയുമി-
താകാശസൂക്ഷ്മതനു നാരായണായ നമ:

ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിനു
തുമ്പങ്ങള്‍ തീര്‍ക്ക ഹരി നാരായണായ നമ:

ഢക്കാമൃദംഗതുടിതാളങ്ങള്‍പോലെയുട-
നോര്‍ക്കാമിതന്നിലയിലിന്നേടമോര്‍ത്തു മമ
നില്‍ക്കുന്നതല്ല മനമാളാനബദ്ധകരി
തീന്‍കണ്ടപോലെ ഹരി നാരായണായ നമ:

ണത്വാപരം പരിചു കര്‍മ്മവ്യപായമിഹ
മദ്ധ്യേഭവിക്കിലുമതല്ലെങ്കിലും കിമപി
തത്ത്വാദിയില്‍ പരമുദിച്ചോരു ബോധമതു
ചിത്തേ വരേണ്ടതിഹ നാരായണായ നമ:

തത്ത്വാര്‍ത്ഥമിത്ഥമഖിലത്തിന്നുമൊന്നു ബത
ശബ്ദങ്ങളുള്ളില്‍ വിലസീടുന്ന നിന്നടിയില്‍
മുക്തിക്കു കാരണമിതേ ശബ്ദമെന്നു, തവ
വാക്യങ്ങള്‍ തന്നെ ഹരി നാരായണായ നമ:

ഥല്ലിന്നുമീതെ പരമില്ലെന്നുമോര്‍ത്തുമുട-
നെല്ലാരൊടും കുതറി, വാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത
കൊല്ലുന്നു നീ ചിലരെ നാരായണായ നമ:

ദംഭായ വന്‍മരമതിന്നുള്ളില്‍ നിന്നു ചില
കൊമ്പും തളിര്‍ത്തവധിയില്ലാത്ത കായ്‌കനികള്‍
അന്‍പോടടുത്തരികില്‍ വാഴായ്‌വതിന്നു ഗതി
നിന്‍പാദഭക്തി ഹരി നാരായണായ നമ:

ധന്യോഹമെന്നുമതിമാന്യോഹമെന്നു മതി-
പുണ്യങ്ങള്‍ ചെയ്ത പുരുഷന്‍ ഞാനിതെന്നുമിതി
ഒന്നല്ല കാണ്‍കൊരു കൊടുങ്കാടു ദന്തിമയ-
മൊന്നിച്ചുകൂടിയതു നാരായണായ നമ:

നന്നായ്‌ഗതിക്കൊരു സഹസ്രാരധാരയില-
തന്നീറ്റില്‍ നിന്‍ കരുണ വന്‍മാരി പെയ്തു പുനര്‍
മുന്നം മുളച്ച മുള ഭക്തിക്കു വാഴ്ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമ:

പലതും പറഞ്ഞു പകല്‍ കളയുന്ന നാവു തവ
തിരുനാമകീര്‍ത്തനമിതതിനായ്‌ വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നു കേള്‍പ്പു ഹരി നാരായണായ നമ:

ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമായ തടി പലനാളിരുത്തിയുടന്‍
അളവില്ലയാതെ വെളിവകമേയുദിപ്പതിനു
കളയാതെ കാലമിഹ നാരായണായ നമ:

ബന്ധുക്കളര്‍ത്ഥഗൃഹപുത്രാദി ജന്‍മമതില്‍
വര്‍ദ്ധിച്ചുനിന്നുലകില്‍ നിന്‍ തത്വമോര്‍ക്കിലുമി-
തന്ധന്നു കാട്ടിയൊരു കണ്ണാടി പോലെ പുന-
രെന്നാക്കിടൊല്ല ഹരി നാരായണായ നമ:

ഭക്ഷിപ്പതിന്നു ഗുഹപോലെ പിളര്‍ന്നു മുഖ-
മയ്യോ, കൃതാന്തനിഹ പിമ്പേ നടന്നു മമ
എത്തുന്നു ദര്‍ദുരമുരത്തോടെ പിമ്പെയൊരു
സര്‍പ്പം കണക്കെ ഹരി നാരായണായ നമ:

മന്നിങ്കല്‍ വന്നിഹ പിറന്നന്നുതൊട്ടു പുന-
രെന്തൊന്നു വാങ്‌മനസുകായങ്ങള്‍ ചെയ്‌തതതു-
മെന്തിന്നിമേലിലതുമെല്ലാം നിനക്കു ഹൃദി
സന്തോഷമായ്‌ വരിക നാരായണായ നമ:

യാതൊന്നു കാണ്‍മതതു നാരായണപ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണശ്രുതികള്‍
യാതൊന്നു ചെയ്‌വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരി നാരായണായ നമ:

രവികോടി തുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാന്‍ കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാദികൌസ്‌തുഭവു-
മകമേ ഭവിപ്പതിനു നാരായണായ നമ:

ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീ രണ്ടു ശക്തികള-
തിങ്കേന്നുദിച്ചു ഹരി നാരായണായ നമ:

വദനം നമുക്കു ശിഖി, വസനങ്ങള്‍ സന്ധ്യകളു-
മുദരം നമുക്കുദധിയുലകേഴു രണ്ടുമിഹ
ഭവനം നമുക്കു ശിവനേത്രങ്ങള്‍ രാത്രിപകല്‍
അകമേ ഭവിപ്പതിനു നാരായണായ നമ:

ശക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനെ
ഭക്ത്യാവിദേഹദൃഢവിശ്വാസമോടുമഥ
ഭക്ത്യാ കടന്നു തവ തൃക്കാല്‍പിടിപ്പതിന-
യയ്‌ക്കുന്നതെന്നു ഹരി നാരായണായ നമ:

ഷഡ്‌വൈരികള്‍ക്കു വിളയാട്ടത്തിനാക്കരുതു-
ചിത്താംബുജം തവഹി സന്ധാനരംഗമതു
തത്രാപി നിത്യവുമൊരിക്കലിരുന്നരുള്‍ക
ചിത്താംബുജേ മമ ച നാരായണായ നമ:

സത്യം വദാമി മമ ഭൃത്യാദിവര്‍ഗ്ഗമതു-
മര്‍ത്ഥം കളത്രഗൃഹപുത്രാദിജാലമതും
ഒക്കെ ത്വദര്‍പ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാല്‍ക്കല്‍ വീണു ഹരി നാരായണായ നമ:

ഹരിയും വിരിഞ്ചനുമിതമരാധിനായകനു-
മറിയുന്നതില്ല തവ മറിമായതന്‍ മഹിമ
അറിവായ്‌ മുതല്‍ കരളിലൊരുപോലെ നിന്നരുളും
പര, ജീവനില്‍ തെളിക നാരായണായ നമ:

ളത്വം കലര്‍ന്നിതു ലകാരത്തിനപ്പരിചു
തത്ത്വം നിനയ്‌ക്കിലൊരു ദിവ്യത്വമുണ്ടു ബത
കത്തുന്ന പൊന്‍മണിവിളക്കെന്നപോലെ ഹൃദി
നില്‍ക്കുന്ന നാഥ ഹരി നാരായണായ നമ:

ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ല തവ പരമാക്ഷരസ്യ പൊരുള്‍
അറിയായുമായ്‌ വരിക നാരായണായ നമ:

കരുണാപയോധി മമ ഗുരുനാഥനിസ്‌തുതിയെ
വിരവോടു പാര്‍ത്തു പിഴ വഴിപോലെ തീര്‍ത്തരുള്‍ക
ദുരിതാബ്‌ധിതന്‍ നടുവില്‍മറിയുന്നവര്‍ക്കു പര-
മൊരുപോതമായ്‌ വരിക നാരായണായ നമ:

മദമത്സരാദികള്‍ മനസ്സില്‍ തൊടാതെ ദിന-
മിതുകൊണ്ടു വാഴ്‌ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേള്‍ക്കതാനിതൊരു മൊഴി താന്‍ പഠിപ്പവനും
പതിയാ ഭാവംബുധിയില്‍ നാരായണായ നമ:

നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ നമ:
നാരായണാ സകലസന്താപനാശന
ജഗന്നാഥ വിഷ്‌ണു ഹരി നാരായണായ നമ:

Saturday 21 May 2011

ആര്എരസ്‌എസ്‌ സമ്പര്ക്കതയജ്ഞത്തില്‍ 25 ലക്ഷം വീടുകള്‍ സന്ദര്ശി‍ച്ചു

കൊച്ചി: ആര്‍എസ്‌എസ്‌ സംസ്ഥാന വ്യാപകമായി നടത്തിയ സമ്പര്‍ക്കയജ്ഞം സമാപിച്ചു. പതിനെട്ട്‌ ദിവസം നീണ്ടുനിന്ന പരിപാടിയില്‍ 25 ലക്ഷത്തോളം ഭവനങ്ങള്‍ സന്ദര്‍ശിച്ചു. ഭീകരതയുമായി ബന്ധപ്പെടുത്തി ആര്‍എസ്‌എസിന്റെ പേരും ഹിന്ദു സമുദായത്തെയും വലിച്ചിഴക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്ന്‌ ബഹുഭൂരിപക്ഷം പേരുംഅഭിപ്രായപ്പെട്ടു. കേരള നിയമസഭയില്‍ ഹിന്ദുക്കള്‍ക്കായി ശബ്ദമുയര്‍ത്താന്‍ അംഗങ്ങളില്ലാതെ പോകുന്നതിലുള്ള അമര്‍ഷം പലരും പങ്കുവെച്ചു.
സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഇന്നലെ ആര്‍എസ്‌എസ്‌ നേതാക്കള്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ സന്ദര്‍ശിച്ചു. പ്രാന്ത പ്രചാരക്‌ എ. ഗോപാലകൃഷ്ണന്റെനേതൃത്വത്തിലുള്ള സംഘം ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസിലെത്തിയാണ്‌ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയത്‌. ആര്‍എസ്‌എസിനെതിരായി നടക്കുന്നവ്യാജപ്രചാരണങ്ങളെക്കുറിച്ച്‌ അവര്‍ മുഖ്യമന്ത്രിയോട്‌ വിശദീകരിച്ചു. ഇത്‌ സംബന്ധിച്ച ലഘുലേഖകളും കൈമാറി. വിഭാഗ്‌ പ്രചാരക്‌ എസ്‌. സുദര്‍ശന്‍, ജില്ലാ സമ്പര്‍ക്ക പ്രമുഖ്‌ ദേവീദാസ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.
തിരുവനന്തപുരത്ത്‌ മന്ത്രിമാര്‍, ബിഷപ്പുമാര്‍,ആശ്രമാധികാരികള്‍, ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച്‌ ആശയവിനിമയം നടത്തി. ആര്‍എസ്‌എസിന്റെ പ്രമുഖ നേതാക്കളായ കെ.സി. കണ്ണന്‍,ഇ.ആര്‍. മോഹനന്‍, കുമ്മനം രാജശേഖരന്‍, ആര്‍.സഞ്ജയന്‍ തുടങ്ങിയവര്‍ സമ്പര്‍ക്കപരിപാടിക്ക്‌ എത്തിയിരുന്നു. ശ്രീ ശ്രീ രവിശങ്കര്‍, മന്ത്രിമാരായ എം.വിജയകുമാര്‍, കടന്നപ്പള്ളിരാമചന്ദ്രന്‍, സുഗതകുമാരികാവാലം നാരായണപ്പണിക്കര്‍,പി. നാരായണക്കുറുപ്പ്‌ഡിജിപി ജേക്കബ്‌ പുന്നൂസ്‌,എഡിജിപി മാരായ ഹേമചന്ദ്രന്‍, ശങ്കര്‍ റെഡ്ഡിനടന്‍ മധു,സി.പി.ജോണ്‍, ജോണ്‍ബ്രിട്ടാസ്‌പന്മന രാമചന്ദ്രന്‍ എന്നിവരെ ആര്‍എസ്‌എസ്‌ നേതാക്കള്‍ സന്ദര്‍ശിച്ചു. ശിവഗിരി-ശാന്തിഗിരി മഠങ്ങള്‍, പട്ടം-വെള്ളയമ്പലം ബിഷപ്പുഹൗസുകള്‍,ജമാഅത്തുകള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍, ബിഷപ്പ്‌ വര്‍ക്കി മാര്‍വിതയത്തില്‍, പ്രൊഫ. എം. ലീലാവതിപ്രൊഫ. എം. തോമസ്‌ മാത്യുചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിഎം.പി. വീരേന്ദ്രകുമാര്‍, രണ്‍ജി പണിക്കര്‍, വിവിധമാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച്‌ സംഭാഷണം നടത്തി.
അയോധ്യകാശ്മീര്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ആപല്‍ക്കരമായ നയംഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളും ലഘുലേഖകളും സമ്പര്‍ക്കയജ്ഞത്തില്‍ വിതരണം ചെയ്തു.
(source: http://www.janmabhumidaily.com/ )

സനാതനധര്‍മ്മത്തിന്റെ സനാതനത്വവും സംസ്‌കാരാപചയവാദവും

ബ്രഹ്മചാരി ഭാര്‍ഗവരാം
(ജനറല്‍ സെക്രട്ടറി, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി)

``സനാതനധര്‍മ്മം അതിപുരാതനമാണ്‌. അത്‌ നിരവധി വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്‌. എങ്കിലും കാലത്തിന്റെ കുത്തൊഴുക്കുകളില്‍ അതിജീവനം നേടിയ ചരിത്രമാണതിന്‌. കാരണം അത്‌ സനാതനമാണ്‌. ലോകത്തില്‍ നിലവിലിരുന്ന റെഡിന്ത്യന്‍, മെസപ്പൊട്ടോമിയന്‍, ഈജിപ്‌ഷ്യന്‍ തുടങ്ങിയ പ്രബല സംസ്‌കാരങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോഴും ഭാരതത്തിന്റെ സംസ്‌കാരവും സനാതനധര്‍മ്മവും അതിജീവിച്ചു. കാരണം അത്‌ സനാതനമാണ്‌'' നിരന്തരം വിവിധ ഹൈന്ദവ നേതൃത്വങ്ങളില്‍ നിന്ന്‌ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഉത്തേജനത്തിന്റെ കരുത്തുപകരുന്ന വാചകങ്ങളാണിവ. ഇവിടെ പരാമര്‍ശിക്കപ്പെട്ട ആശയാംശങ്ങള്‍ വിശകലനം ചെയ്‌താല്‍, തെറ്റായ സന്ദേശം നല്‌കിക്കൊണ്ടിരിക്കുന്ന, അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചേര്‍ന്ന ചില പരിചിന്തനങ്ങളാണിവയെന്ന്‌ ബോധ്യപ്പെടും.

ഇവയില്‍ അന്തര്‍ധാരയായി മുഴങ്ങുന്ന ആശയഗതികളില്‍ പ്രധാനം - (i) സ്വയം കാലത്തെ അതിജീവിക്കുന്നതാണ്‌ സനാതനധര്‍മ്മം. (അതിജീവനത്തിന്‌ ആരും മുതിര്‍ന്നില്ലെങ്കിലും അത്‌ നിലനില്‌ക്കും). (ii) സനാതന ധര്‍മ്മസംവിധാനം വെല്ലുവിളികളെ നേരിട്ടിട്ടും കോട്ടം തട്ടിയിട്ടില്ലാത്ത അവസ്ഥയിലാണ്‌ അത്‌ നിലനില്‌ക്കുന്നത്‌. (iii) സംസ്‌കാരങ്ങളുടെ കാലസിദ്ധമായ അപക്ഷയംമൂലം തനിയെ തകര്‍ന്നടിഞ്ഞവയാണ്‌ ലോകത്തില്‍ പ്രബലങ്ങളായിരുന്ന റെഡിന്ത്യന്‍, റോമന്‍ തുടങ്ങിയ സംസ്‌കാരങ്ങള്‍.

പ്രഥമദൃഷ്‌ട്യാ നിര്‍ദോഷമായ ഈ ആശയസംഹിത ദീര്‍ഘാലോചനയില്ലായ്‌മയുടെയും ചരിത്രവിമുഖതയുടെയും അജ്ഞതയുടെയും അധിനിവേശ കാഴ്‌ചപ്പാടിന്റെ ഗൂഢാലോചനയെ കുറിച്ചുള്ള ധാരണയില്ലായ്‌മയുടെയും എളിയ ഉദാഹരണവും വലിയ ദുരന്തവുമാണ്‌. ഇത്തരം കാഴ്‌ചപ്പാടുകള്‍ നിരുത്തരവാദപരമായി പ്രചരിപ്പിക്കുന്നത്‌ സംസ്‌കാരത്തിന്റെയും ധര്‍മത്തിന്റെയും സ്ഥായിതയ്‌ക്ക്‌ വിഘാതമുണ്ടാക്കും.

സനാതനധര്‍മത്തിന്റെ സനാതനത്വം
സനാതനധര്‍മത്തിന്റെ സനാതനത്വം അതിന്റെ കാഴ്‌ചപ്പാടിന്റെ മൂല്യങ്ങളിലാണ്‌ നിലനില്‌ക്കുന്നത്‌ എന്നും ഈ ദര്‍ശനങ്ങള്‍ക്ക്‌ ചിരകാല പ്രസക്തിയുണ്ട്‌ എന്നും ഉള്ള ആശയമാണ്‌ സനാതനത്വത്തിന്റെ വിവക്ഷ. അതുകൊണ്ടുതന്നെ ഈ മൂല്യങ്ങള്‍ പഠിക്കുവാനും പഠിപ്പിക്കുവാനും ആചരിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള ജനതതിയും അവരുടെ നിലനില്‌പും സുരക്ഷയും കൂടി പ്രസക്തമാകുന്നു. കേവലമായ മൂല്യം ജനതതിയില്ലാതെ നിലനില്‌ക്കുകയില്ലല്ലോ. ഈ സ്വാഭിമാനജനതതിയെ മറന്നുകൊണ്ടുള്ള കാഴ്‌ചപ്പാട്‌ അപക്വമായിരിക്കും. മൂല്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ ഉള്‍ക്കരുത്തുള്ള ജനതതിയില്ലെങ്കില്‍ മൂല്യങ്ങള്‍ നിലനില്‌ക്കില്ലാ എന്നും അതുകൊണ്ട്‌തന്നെ അതുള്‍ക്കൊള്ളാനുള്ള ജനതതിയെ സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനും വാര്‍ത്തെടുക്കുവാനും സജ്ജരാക്കുവാനുമുള്ള ദൗത്യം അനിവാര്യമായിത്തീരുന്നു. അതായത്‌ ധര്‍മ്മിയില്ലാതെ ഒരുധര്‍മ്മവും നിലനില്‍ക്കില്ല എന്നും ധാരാവാഹിയായി കാലഘട്ടങ്ങളിലൂടെ സനാതനമായി ഒഴുകുന്ന ധര്‍മ്മിസമൂഹമാണ്‌ ധര്‍മ്മത്തിന്റെ സ്ഥായിതയ്‌ക്ക്‌ നിദാനമെന്നും വരുന്നു. അതുകൊണ്ടുതന്നെ ബൗദ്ധികഹിന്ദുത്വം സനാതനധര്‍മസംരക്ഷണത്തിന്റെ സര്‍വസജ്ജമായ പാതയെ അംഗീകരിക്കുകയും, അങ്ങനെയൊരു സംരക്ഷണത്തിന്റെ ആവശ്യകതയേ പ്രസക്തമല്ല എന്ന കാഴ്‌ചപ്പാടുപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്‌.

സനാതനധര്‍മവിശ്വാസികളെ ഉന്മൂലനം ചെയ്യുന്നത്‌ കണ്ടിട്ടും, നാം ഇവരെല്ലാക്കാലവും നിലനില്‌ക്കുമെന്ന്‌ വിശ്വാസികളില്‍ സനാതനത്വം കല്‌പിക്കുകയാണ്‌. വിശ്വാസികളില്‍ ഒരു കാലത്തും സനാതനത്വം നിലനിന്നിട്ടില്ല എന്നത്‌ സനാതനധര്‍മ്മ വിശ്വാസികളുടെ ജനസംഖ്യാനുപാതമായി വിവിധകാലങ്ങളിലും ദേശങ്ങളിലുമുണ്ടായ ഗതിവിഗതിക്കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. കാലങ്ങളിലൂടെ ദേശങ്ങളിലൂടെ ഉഛേദിക്കപ്പെട്ട സനാതനി സമൂഹങ്ങള്‍ അനേകങ്ങളാണ്‌. ലോകമെങ്ങും വ്യാപരിച്ചിരുന്ന സനാതനധര്‍മസമൂഹം അതിന്റെ മൂല്യങ്ങളില്‍ മിക്കതും കൈമോശപ്പെടുത്തിയും പലതും മാറ്റിമറിച്ചും നാമധാരികളായി ചെറിയൊരു ക്യാന്‍വാസിലേക്ക്‌ ഒതുക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും നാമിന്നും പറയുന്നു - `അക്ഷയ്യമായ സനാതന സമൂഹം'' എന്ന്‌. ഇത്രയും ക്ഷയങ്ങളെ അതല്ലാതായി പരികല്‌പിക്കാന്‍ നാം മിടുക്കാര്‍ജ്ജിക്കുന്നു.

സനാതനധര്‍മത്തിന്റെ അതീജീവനോപായം
സനാതനധര്‍മം ആരും മുതിര്‍ന്നില്ലെങ്കിലും ധാരാവാഹിയായി നിലനിന്നുകൊള്ളുമെന്ന കാഴ്‌ചപ്പാട്‌ അട്ടിമറിക്കപ്പെടേണ്ടതുണ്ട്‌. ധര്‍മം സംരക്ഷിക്കപ്പെടേണ്ടതാണെന്ന്‌ വേദംതൊട്ട്‌ സകലഗ്രന്ഥങ്ങളും ഊന്നിപ്പറയുന്നുണ്ട്‌. വേദസാരസര്‍വസ്വമായ ഗീതതന്നെ `ധര്‍മ്മസംരക്ഷണാര്‍ത്ഥമായി ചെയ്യുന്ന ഭഗവാന്റെ വിളംബരമല്ലേ. ധര്‍മസംരക്ഷണത്തിന്റെ ആവശ്യകത ഉദ്‌ഘോഷിച്ചുകൊണ്ടാണ്‌ ധാര്‍മികമൂല്യങ്ങളുടെ കേദാരമെന്നോണം നമുക്ക്‌ മുന്നില്‍ അവതാരകഥകള്‍ നിലകൊളളുന്നത്‌. (i) ആചാര്യന്മാരുടെ രൂപത്തിലും (ii) ധര്‍മ സമരസേനാനികളുടെ രൂപത്തിലും. നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന ഇവരുടെ അപദാനങ്ങള്‍ വ്യക്തമായും നമ്മോടു പറയുന്നത്‌ - (i) ധര്‍മബോധനം വേണമെന്നും (ii) അധാര്‍മികതയ്‌ക്ക്‌ എതിരെ പ്രതികരിച്ച്‌ ജയിക്കണമെന്നുമാണ്‌ ഇതാണ്‌ വാസ്‌തവത്തിലുള്ള അതിജീവനോപായം. ഈ ഉപായത്തെ മറന്നുകൊണ്ട്‌ തനിയെ പ്രവര്‍ത്തനക്ഷമമാക്കുന്ന ഒരു അലൗകീകത കല്‌പിച്ചപ്പോള്‍ ധര്‍മനാശത്തിന്‌ വഴിവെച്ച ചരിത്രമാണ്‌ നമുക്കുള്ളത്‌. ശ്രീരാമനോ അര്‍ജുനനോ അധാര്‍മികതയ്‌ക്കെതിരെ പോരാടിയെങ്കില്‍, വിജയം വരിച്ചെങ്കില്‍, നാമിന്നവരെ പിന്‍പറ്റുവാനും അനുസരിക്കുവാനും ആ മാതൃക കൈവരിക്കുവാനും ശ്രമിക്കുന്നതിനു പകരം അവരെ `പൂജിക്കുന്നതില്‍ മാത്രം' ധാര്‍മ്മികത കണ്ടെത്തുന്നു. അവതാരങ്ങളുടെ ധര്‍മരക്ഷണോപായം മറന്നും പോകുന്നു.

നാം അതിജീവിച്ചോ?
സംസ്‌കാരത്തിന്റെ അതിജീവനത്തെക്കുറിച്ച്‌ പറയേണ്ടിവരുമ്പോള്‍ അതിന്റെ ആഴവും പരപ്പും പരിശോധനാവിഷയമാക്കണം. ഒട്ടുമുക്കാലും തമസ്‌കരിക്കപ്പെട്ട തനിമയുടെ ഉടമകളാണിവിടെ പേരുകള്‍ കൊണ്ട്‌ തിരിച്ചറിയപ്പെടുന്ന സനാതനികള്‍. ധര്‍മം വളരുന്നതും വ്യഞ്‌ജിക്കുന്നതും ആചാരങ്ങളിലൂടെയാണെന്ന്‌ നമുക്കറിയാം. വസ്‌ത്രധാരണംമുതല്‍ ഉത്സവങ്ങള്‍വരെ മറന്നുകളഞ്ഞ്‌, പിറന്നാളിന്ന്‌ ദീപം കെടുത്തുന്നയിടംവരെയും മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്നതുവരെയും എത്തിയ ശൈലികളും കുടുംബ ജീവിതവ്യവസ്ഥ തന്നെ അന്യമാക്കുകയും ചെയ്യുന്ന പശ്ചാത്തലവും പരിശോധിച്ചാല്‍ ധാര്‍മികനാശത്തിന്റെ ആഴമറിയാന്‍ പ്രയാസമില്ല.

ആയിരത്താണ്ടുകള്‍ ലോകമെങ്ങും പ്രസരിച്ച ധാര്‍മികസന്ദേശം അതും വളരെ വികലമാക്കപ്പെട്ട രീതിയില്‍ ലോകജനസംഖ്യയുടെ ചെറിയൊരളവിലേക്ക്‌ കേവലം ഭാരതത്തിലേക്ക്‌ ചുരുക്കപ്പെട്ടത്‌ പരിശോധിച്ചാല്‍ നശീകരണത്തിന്റെ പരപ്പും നമുക്ക്‌ സുവ്യക്തം. പിന്നെയും നാം പറയുന്നത്‌ നാം അതിജീവിച്ചു എന്നുതന്നെയാണ്‌. ഏതേതംശങ്ങളിലാണ്‌ നാമതിജീവിച്ചത്‌? മൂല്യങ്ങളുടെ തനിമയും മൂല്യങ്ങളുള്‍ക്കൊള്ളാനുള്ള ജനതതിയും കാലങ്ങളോളം അന്യാധീനമായിട്ടും നാമതിജീവിക്കുന്നു എന്ന്‌ പറയാന്‍ നാം ധൈര്യം കാണിക്കുന്നുവെങ്കില്‍, ബോധമില്ലാതെ അംഗങ്ങളെല്ലാം ഉച്ഛേദിക്കപ്പെട്ടനിലയിലുള്ളയാള്‍ സ്വസ്ഥനാണെന്ന്‌ പറയുവാനുള്ള ചങ്കൂറ്റവും വേണം. സനാതനധര്‍മ്മം ഏതേതംശങ്ങളിലെങ്കിലും അതിജീവിച്ചിട്ടുണ്ടെങ്കില്‍ അതിന്‌ പിന്നില്‍ ശക്തമായതും നിരന്തരമായതുമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അത്‌ യാഥാര്‍ത്ഥ്യം മാത്രമാണ്‌. ഇനിയും ഇവിടെ ചെയ്യാനുള്ളതൊന്നുമാത്രം - മൂല്യങ്ങളുള്‍ക്കൊള്ളുന്ന ജനതതിയെ സജ്ജമാക്കുക - ഏതവസ്ഥയിലും വിജയിക്കുന്നതിന്‌.

സംസ്‌കാരപചയവാദവും സാനതനത്വവും
നമ്മുടെ മതേതര പാഠപുസ്‌തകങ്ങള്‍ മുതല്‍ ഉയര്‍ന്ന അക്കാദമികവേദികള്‍വരെ വളരെ സമര്‍ത്ഥമായി അവതരിപ്പിക്കുന്ന ഒരാശയമാണ്‌ ലോകത്തിലെ പ്രധാന സംസ്‌കാരങ്ങളെല്ലാം കാലത്തിന്റെ പ്രയാണത്തിനിടയില്‍ തകര്‍ന്നടിഞ്ഞുവെന്നത്‌. എന്നാല്‍ സൂക്ഷ്‌മപരിശോധന നടത്തിയാല്‍ വ്യക്തമാകുന്നത്‌ ലോകത്തിലെ ഒരു സംസ്‌കാരവും സ്വാഭാവിക അപചയംമൂലം ഇല്ലാതായിട്ടില്ല എന്നാണ്‌. വളരെ ക്രൂരമായും രക്തരൂക്ഷിതമായും നശിപ്പിക്കപ്പെട്ട ചരിത്രത്തെ തമസ്‌കരിക്കുകയും സ്വാഭാവികമായി അപചയം സംഭവിച്ചതാണെന്ന രീതിയിലുള്ള വിശദീകരണം നല്‌കുകയും ചെയ്യുന്നത്‌, നമുക്കും ഒരപചയം ഉണ്ട്‌ എന്ന്‌ ഉപബോധമനസ്സുകളില്‍ കുത്തിവയ്‌ക്കുന്ന ഗൂഢാലോചനയത്രേ. എന്തെന്ത്‌ നശീകരണശ്രമങ്ങള്‍ അധാര്‍മീകതയില്‍നിന്ന്‌ ആസൂത്രിതമായുണ്ടായാലും നാം സമാധാനിക്കും, സനാതനധര്‍മം ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല എന്ന്‌. മറ്റൊരുവശത്ത്‌ നാം പഠിച്ചുവയ്‌ക്കും, സാംസ്‌കാരിക ചരിത്രത്തില്‍ സാംസ്‌കാരികാപക്ഷയം അനിവാര്യമാണ്‌ എന്ന്‌. ഈ രണ്ട്‌ ആശയങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍പോലും നമ്മെ അലോസരപ്പെടുത്തുന്നില്ല.

സംഘടിതമതങ്ങളാല്‍ ലോകത്തിലെ സംസ്‌കാരങ്ങള്‍ നശിപ്പിക്കപ്പെട്ടതിന്റെ മാതൃകകള്‍ നാം പുനര്‍നിര്‍ണ്ണയിക്കുകയും പഠന വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്‌. നാമിന്നഭിമുഖീകരിക്കുന്ന സംസ്‌കാരോച്ഛേദഭീഷണി നാമറിയാതെ പോകരുത്‌. സംസ്‌കാരമില്ലെങ്കില്‍ ധര്‍മവുമില്ലല്ലോ. ആഴത്തിലും പരപ്പിലും - മൂല്യബോധത്തിലും അംഗസംഖ്യയിലും - നാം ചുരുങ്ങിക്കൊണ്ടിരിക്കുന്നു.

സംസ്‌കാരാപചയവാദത്തെ നാം സനാതനവാദംകൊണ്ട്‌ ചെറുക്കണമെങ്കില്‍ നാം കാഴ്‌ചപ്പാടില്‍ കാതലായ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്‌. സനാതനത്വം മൂല്യങ്ങളില്‍ കല്‌പിക്കപ്പെടുകയും അതില്‍പിന്നീട്‌ മൂല്യവത്തായവയ്‌ക്ക്‌ കല്‌പിക്കുകയും ചെയ്യണം. മൂല്യവത്തല്ലാത്തിടത്തോളം സംസ്‌കാരം നശിപ്പിക്കപ്പെടും. അതിന്‌ അവതാരങ്ങളുടെ അതിജീവനസന്ദേശം പ്രായോഗിക ഉപായമാക്കിക്കൊണ്ട്‌ ധര്‍മം (i)പ്രചരിപ്പിക്കുവാനും (ii) സംരക്ഷിക്കുവാനും നമുക്ക്‌ കഴിയട്ടെ.

ധര്‍മോ രക്ഷതി രക്ഷിതാ:

ഹിന്ദുമതം


ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വികസിച്ചുവന്ന ഒരു മതമാണ് ഹിന്ദുമതം. ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളിൽ  98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിൽ വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതവും ഇസ്ലാമതവും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം. ലോകത്തിലെ ഏറ്റവും പുരാതനമായ മതങ്ങളിൽ ഒന്നാണ് ഇത്. വേദങ്ങളിൽ അധിസ്ഥിതമാണ് ഹിന്ദുധർമ്മം; എന്നാൽ ഹിന്ദു മതം ശ്രുതി, സ്മൃതി, ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവയിൽ അടിസ്ഥാനപെട്ടാണിരിക്കുന്നത്. വേദങ്ങൾ ലോക നന്മക്കായി രചിക്കപ്പെട്ടവയാണ് എങ്കിലും കാലക്രമത്തിൽ അവ പൗരോഹിത്യത്തിന്റെ കുത്തക ആയിത്തീരുകയായിരുന്നു. ഹിന്ദുമതത്തിലെ ദൈവസങ്കല്പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളിൽ വ്യത്യാസപ്പെട്ടും കാണാറുണ്ട്.

ഹിന്ദു എന്നത് യഥാർത്ഥത്തിൽ ഹിന്ദു മത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശീയർ ഭാരതീയർക്ക് നൽകിയ പേരു മാത്രമാണത്.

ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിർവചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതൽ വെളിച്ചം വീശാൻ വേണ്ടി നടന്നു കൊണ്ടിരിക്കുകയാണ്‌. എന്നാലും ഒരു അന്തിമരൂപം നൽകാൻ ആർക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്‌-ജവഹർലാൽ നെഹ്രു

പേരിന്റെ ഉത്ഭവം

പേർഷ്യക്കാരാണ് ഹിന്ദു എന്ന വാക്കിന്റെ ഉപജ്ഞാതാക്കൾ എന്ന് കരുതപ്പെടുന്നു. അറബിയിൽ (هندوسيةഹിന്ദൂസിയ്യ).സിന്ധുനദീതട സംസ്കാരം നില നിന്നിരുന്ന കാലത്തേ ഇവിടത്തെ ജനങ്ങൾ പേർഷ്യയുമായും മെസൊപ്പൊട്ടേമിയയുമായുംബന്ധപ്പെട്ടിരുന്നു. സിന്ധു നദിയുടെ തീരത്ത് വസിച്ചിരുന്നവരെന്ന അർത്ഥത്തിൽ സിന്ധ് എന്നാണ് ഇവരെ പേർഷ്യക്കാർ വിളിച്ചിരുന്നത്. എന്നാൽ‘സി’ എന്ന ഉച്ചാരണം പേർഷ്യൻ ഭാഷയിൽ ഇല്ലാത്തതിനാൽ അത് ഇന്ധ് അല്ലെങ്കിൽ ഹിന്ദ് എന്നായിത്തീർന്നു.

ചരിത്രം

ഹിന്ദുമതം ആര്‌ സ്ഥാപിച്ചു എന്ന് കണ്ടെത്തുക പ്രയാസമാണ്‌. ക്രിസ്തുമതം, ഇസ്ലാം മതം, ബുദ്ധമതം എന്നിവകളെപ്പോലെ വ്യക്തമായ ഒരു വിപ്ലവ ചരിത്രം ഹിന്ദുമതത്തിനില്ല. അത് സ്വാഭാവികമായും പ്രകൃത്യായും ഉണ്ടായ ആചാരാനുഷ്ഠാനങ്ങളുടെ ആകെത്തുകയാണ്‌. ചരിത്രകാരന്മാരാകട്ടെ വലിയ ഒരു കാലഘട്ടമാണ്‌ ഈ മതത്തിന്റെ ഉത്ഭവത്തിനായി നൽകുന്നത് . അവരുടെ നിരീക്ഷണമനുസരിച്ച് ക്രി.മു. 3102-നും ക്രി.മു.1300-നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും അതിനൊപ്പം ഹിന്ദുമതവും രൂപപ്പെട്ടത്. എന്നാൽ ഹിന്ദുമതം വേദങ്ങൾ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവിൽ ഉണ്ടായിരുന്നു എന്നാണ്‌ മറ്റു ചില ചരിത്രകാരന്മാർ പറയുന്നത്. അവരുടെ അഭിപ്രായത്തിൽ സിന്ധു നദീതട സംസ്കാരം നിലവിൽ നിന്ന കാലത്തേ ഹിന്ദുമതത്തിന്റെ ആദിമ രൂപത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിൽ വന്നു. അത് ഒരു ദ്രാവിഡ സംസ്കാരമായതിനാൽ ഹിന്ദു മതവും യഥാർത്ഥത്തിൽ ദ്രാവിഡ മതമാണെന്നാണ്‌ അവർ വാദിക്കുന്നത്.

സാമൂഹികം

പ്രണവം
  • വേദകാലം
  • നവോത്ഥാനം







വിശ്വാസങ്ങളും ആചാരങ്ങളും

എല്ലാമനുഷ്യർക്കും ശരീരമല്ലാത്ത മനസ്സ് - ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രൂപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സർവ്വേശ്വരനായ പരബ്രഹമത്തിൽ ലയിച്ചു ചേരാന്നുള്ളതും ആണെന്നാണ് വേദാന്തത്തിൽ പറയുന്നത്. ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാൽ പരബ്രഹ്മത്തിൽ ലയിച്ചു ചേരും എന്നും അല്ലെങ്കിൽ മോക്ഷം കിട്ടുന്നത് വരെ പുനർജന്മം എടുക്കുമെന്നാണ് വിശ്വാസം. കർമ്മം, ധ്യാനം (സംന്യാസം) എന്നീ കർമ്മങ്ങളിലൂടെ മോക്ഷം കണ്ടെത്തുക എന്നതാണത്രെ മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം. എന്നാൽ വേദാന്തം അല്ല ഹിന്ദുമതത്തിനടിസ്ഥാനം, മറിച്ച് ഉപനിഷത്തുകൾ ആണ് എന്നാണ് പുരോഹിതരല്ലാത്ത ഹിന്ദു ചരിത്രകാരന്മാർ വിശ്വസിക്കുന്നത്.


വേദാന്തം

  • ആത്മാവ്
  • പരബ്രഹ്മം
  • മുക്തി മോക്ഷം

    പുണ്യഗ്രന്ഥങ്ങൾ

    • ശ്രുതി
    • സ്മൃതി
    • ചതുർവേദങ്ങൾ
    • പുരാണങ്ങൾ
    • ഭഗവദ് ഗീത

      ഹിന്ദു തത്ത്വശാസ്ത്രം

      • പൂർവ്വ മീമാംസ
      • യോഗ
      • ഉത്തര മീമാംസ
      • തന്ത്ര
      • ഭക്തി
      • നിരീശ്വരവാദം

        മുഖ്യ ബിംബങ്ങളും ആശയങ്ങളും

        • അഹിംസ
        • പുണ്യം
        • ധർമ്മം
        • കർമ്മം
        • പുനർജ്ജന്മം
        • സ്വർഗ്ഗം
        • ആശ്രമങ്ങൾ
        • തീർത്ഥാടനം
        • മന്ത്രവിധി
        • ഗുരുകുലം

          വിഭാഗങ്ങൾ

          ഹിന്ദുമതത്തിൽ പലതരത്തിലുള്ള വർഗ്ഗീകരണം സാധ്യമാണ്.

          ആരാധിക്കുന്ന ദൈവത്തിന്റെ അടിസ്ഥാനത്തിൽ

          ആരാധിക്കുന്ന ദൈവത്തിന്റെ അടിസ്ഥാനത്തിൽ ഹൈന്ദവരെ പലതായി തിരിക്കാം.
          • വൈഷ്ണവർ
          • ശൈവർ
          • ശാക്തേയർ -‍ ശക്തിയെ ആരാധിക്കുന്നവർ
          • അദ്വൈതം

            ജാതിയുടെ അടിസ്ഥാനത്തിൽ

            ചാതുർവർണ്ണ്യത്തിൽ ചെയ്യേണ്ട ജോലിയുടെ അടിസ്ഥാനത്തിൽ ജനത നാലായി തരം തിരിക്കപ്പെട്ടിരിക്കുന്നു.
            • ബ്രാഹ്മണർ
            • ക്ഷത്രിയർ
            • വൈശ്യർ
            • ശൂദ്രർ

വിമർശനങ്ങളും മറുപടികളും

  1. ഒരു വിമർശനം ഹിന്ദുത്വത്തിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ രാഷ്ട്രീയമായ നിലപാടാണ്. അതനുസരിച്ച് ഹിന്ദു മതവും വർഗീയമാണ് എന്ന ചിലർ കരുതുന്നു. മനുഷ്യൻ എങ്ങനെയൊക്കെ ജീവിക്കണം അതിന് അടിസ്ഥാനമെന്ത് എന്ന് വൈദികകാലത്ത് എഴുതി വച്ച സംഹിതകൾ പ്രകാരം ജീവിച്ചു വന്ന ഒരു കൂട്ടം ആൾക്കാരാണ് അത്. എല്ലാ മതങ്ങളേയും ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞു. അതിനാലാണ് ഇത്രയധികം മതങ്ങൾ ഏറ്റവും അധികം ഹിന്ദുക്കൾ വസിക്കുന്ന ഇന്ത്യയിൽ പ്രചരിച്ചത്. മാത്രവുമല്ല, മറ്റു ചില മതങ്ങളെ പോലെ സ്വർഗ്ഗ പ്രാപ്തി എല്ലാ മതക്കാർക്കും ലഭിക്കും എന്ന് ഹിന്ദു തത്ത്വങ്ങളും പഠിപ്പിക്കുന്നു.‍
  2. ഏകദൈവമല്ല എന്നതാണ് മറ്റൊരു വിമർശനം. എന്നാൽ ഇത് ഹിന്ദു മതത്തിന്റെ അടിസ്ഥാനത്തെക്കുറിച്ച് വ്യക്തതയില്ലായ്മയാൽ ഉടലെടുത്ത തെറ്റിദ്ധാരണയാണ്. വാസ്തവത്തിൽ ഹിന്ദുക്കൾ എല്ലാവരും ഏകദൈവ വിശ്വാസികൾ ആണ്. ഒരേ സത്യത്തെ പല പേരുകൾ പറഞ്ഞ് ആരാധിക്കുന്നു എന്നു മാത്രം. ‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’ എന്ന വേദവാക്യം ഇതിന് ആധാരമാക്കാം. തന്റെ മനസ്സിന് ഇഷ്ടപ്പെട്ട രൂപത്തിൽ ദൈവത്തെ ദർശിക്കാനുള്ള സ്വാതന്ത്ര്യം പക്ഷേ അവന് കൊടുത്തിരുന്നു എന്നു മാത്രം. സനാതന ധർമ്മം എന്ന് പറയുന്നത് തന്നെ അതാണ് സൂചിപ്പിക്കുന്നത്.  ഹിന്ദുമതത്തിലെ വിഗ്രഹാരാധനയും വിമർശിക്കപ്പെടാറുണ്ട്. എന്നാൽ ഇതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ട് ആണ്. വിഗ്രഹങ്ങൾ എന്നത് പ്രതീകങ്ങൾ മാ‍ത്രമാണ്, വിഗ്രഹം എന്നത് ഈശ്വരൻ അല്ല എന്നതുമാണ് ഹിന്ദുമതം വിശ്വിസിക്കുന്നത്. ശില്പങ്ങൾ ദൈവമാണെന്നത് പ്രാകൃതരായ ജനങ്ങൾ ആണ് വിശ്വസിക്കുക എന്ന് ഹിന്ദുമതത്തിൽ പറയുന്നു. ഏന്നാൽ ഹിന്ദുമതത്തിൽ ദൈവങ്ങളുടെ പ്രത്യേക രൂപങ്ങൾ നിലവിലുണ്ട്. വിഗ്രഹങ്ങൾ എന്നത് പ്രതീകങ്ങൾ മാ‍ത്രമാണ് എന്ന് വിശ്വസിക്കുന്നവരാണെങ്കിലും ശ്രീ കൃഷ്ണനു പകരം യേശുവിന്റെയോ,കന്യാ മറിയമിന്റെയോ വിഗ്രഹം വെക്കുന്നത് പരക്കെ കണ്ടു വരാത്തതിനാൽ ഭൂരിഭാഗം ഹൈന്ദവരും വിഗ്രഹാരാധകരാണെന്ന് വിമർശിക്കുന്നവരും ഉണ്ട്.
  3. ജാതി വ്യവസ്ഥ തുടങ്ങിയ സാമൂഹ്യ അവസ്ഥകൾ ഹിന്ദുതതസ്ഥരിൽ നിലനിന്നിരുന്നു എന്നത് വിമർശനമായിക്കാണാം. ജനനത്തിന്റെ അടിസ്ഥാനത്തിൽ ചില ജാതികളെ ഉയർന്നവരായും മറ്റ് ജാതിക്കാരെ താഴ്ന്നവരായും കണക്കാക്കിയിരുന്നു. ചാതുർവർണ്ണ്യം എന്ന നാല് തട്ടുള്ള വ്യവസ്ഥയാണ് നിലനിന്നിരുന്നത്.
  4. സതി, ദേവദാസി തുടങ്ങിയ ദുരാചാരങ്ങൾ ഹിന്ദുമതത്തിൽ നിലനിന്നിരുന്നു. ഇത്തരത്തിലുള്ള വിശ്വാസങ്ങൾ വ്യക്തിപരമായ ചിന്തകളിൽ നിന്ന് ഉണ്ടായതാണ്. ഇത്തരത്തിൽ ഒന്നു തന്നെ ഹിന്ദുമത പ്രമാണങ്ങളിൽ പറയുന്നില്ല.
  5. ഉച്ചനീചത്വം ആര്യസംസ്കാരം ദ്രാവിഡ സംസ്കാരത്തിൽ മേൽ കോയ്മ സൃഷ്ടിച്ചുണ്ടാക്കിയ ഈ പ്രമാണം ഉയർന്ന ജാതിക്കാരുടെ സൃഷ്ടിയാണ്. ഒരു മനുഷ്യൻ സന്യാസി ആകുമ്പോൾ ഉച്ച നീചത്വം ഉണ്ടാകുന്നില്ല. പല പ്രസിദ്ധ സന്യാസിമാരും മുനിമാരും താഴ്ന്ന ജാതിയിൽ ഉള്ളവരായിരുന്നു.